ദില്ലി: ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ സൈനിക വിന്യാസം കൂട്ടില്ലെന്ന് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ധാരണ. ഗോഗ്ര, ഹോട്ട്‌സ്പ്രിംഗ് മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം ഘട്ടം ഘട്ടമായി പിന്മാറിയേക്കും. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നാണ് വിവരം.
പന്ത്രണ്ടാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യയും ചൈനയും സമവായത്തിന്റെ പാതയിലേക്ക് കടക്കുന്നുവെന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. പ്രകോപനപരമായ പ്രസ്താവനകള്‍ ഇരു ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ധാരണയായിട്ടുണ്ട്. ദെപ്‌സാങില്‍ പൂര്‍ണ്ണപട്രോളിംഗ് അവകാശം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു ഇതിലും പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.
നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു