ദില്ലി: ഈ വര്‍ഷത്തെ ആദ്യ ആറ് മാസം പിന്നിടുമ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം മെച്ചപ്പെട്ടതായി കണക്ക്. ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിയാണ് മുന്നേറ്റം. ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ 62.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനയാണ് ഈ സമയത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനയെ സംബന്ധിച്ചാണെങ്കില്‍ ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഈ തരത്തില്‍ വ്യാപാര ബന്ധം മെച്ചപ്പെടുന്നതെന്നത് പ്രധാനമാണ്. ഇന്ത്യ ചൈനയിലേക്ക് 14.7 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി ചെയ്യുകയും 42.6 ബില്യണ്‍ ഡോളറിന്റെ ചരക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ 26000 വെന്റിലേറ്ററും ഓക്‌സിജന്‍ ജനറേറ്ററും 15000 മോണിറ്ററും 3800 ടണ്‍ മരുന്നും ഇറക്കുമതി ചെയ്തതായി ചൈനയിലെ കസ്റ്റംസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ 70.1 ശതമാനം വര്‍ധനവുണ്ടായി. 48.16 ബില്യണ്‍ ഡോളറാണ് മൂല്യം. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 90.2 ശതമാനം ഉയര്‍ന്നു. തിരികെയുള്ളത് 64.1 ശതമാനവും ഉയര്‍ന്നു.