ന്യൂഡല്‍ഹി: ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്ക് അഭിമാനക്കുതിപ്പ്.
പുതിയ റാങ്കിംഗില്‍ ഇന്ത്യ 96-ാം സ്ഥാനത്തേക്ക് ചാടിക്കയറി. 1996 ഫെബ്രുവരിക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ കൈവരിക്കുന്ന മികച്ച റാങ്കിംഗാണിത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്. കഴിഞ്ഞ റാങ്കിംഗില്‍ 331 പോയിന്റുമായി 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പത്ത് പോയിന്റ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യ നാല് സ്ഥാനം മെച്ചപ്പെടുത്തിയത്.
1996-ല്‍ നേടിയ 94-ാം റാങ്കാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഫിഫ റാങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യ 77 സ്ഥാനങ്ങളാണ് മുന്നോട്ടുകയറിയത്. 2015 മാര്‍ച്ചില്‍ 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇവിടെ നിന്നും വന്‍കുതിപ്പ് നടത്തുകയായിരുന്നു.
കഴിഞ്ഞ 15 കളികളില്‍ 13 എണ്ണവും ഇന്ത്യയുടെ നീലപ്പടയ്ക്കു വിജയിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്നത്.