ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍. 32 ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിപിഡബ്ല്യുഡി), ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ആകെ 73 റോഡുകളുടെ നിര്‍മാണമാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നിലവില്‍ നടത്തുന്നത്. സിപിഡബ്ല്യുഡി 12, ബിആര്‍ഒ 61 റോഡുകള്‍ നിര്‍മിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുന്നത്. ലഡാക്ക് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണു നിര്‍ണായക തീരുമാനം.