ഇന്ത്യ എന്ത് പറയുന്നോ അതേ നടക്കൂ, എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

കാബൂള്‍: ലോക ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും, പണമുള്ളത് ഇന്ത്യയ്ക്കാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

പാകിസ്താനെപ്പോലൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കുക വഴി എന്തോ വലിയ കനിവ് കാണിക്കുകയാണെന്ന വിചാരം ഇംഗ്ലണ്ടിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതൊരു കാരണം, തീര്‍ച്ചയായും പണം തന്നെയാണ്. പണം ഒരു വലിയ കാര്യമാണ്. താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുമൊക്കെ അത് പ്രധാനമാണ്. ഇന്ത്യയിലാണ് പണമുള്ളത്. അതിനാല്‍ ലോക ക്രിക്കറ്റിനെ ഇപ്പോള്‍ ഇന്ത്യ നിയന്ത്രിക്കുകയാണ്. അവരെന്ത് പറയുന്നോ അത് നടക്കും. ഇന്ത്യക്കെതിരെ ഒന്നും ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒന്നു തുനിഞ്ഞിറങ്ങിയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) കഥ തീരുമെന്ന് പിസിബി ചെയര്‍മാനും മുന്‍ പാക്കിസ്ഥാന്‍ താരവുമായ റമീസ് രാജ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചില്‍.

‘രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്പത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത്. എന്നാല്‍ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് രാജ ചൂണ്ടിക്കാട്ടി.

‘ഐസിസി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി പോലെയാണ്. ഇന്ത്യയിലെ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അതു വഴി പാക്ക് ക്രിക്കറ്റിനെയും. ഭാവിയില്‍ പാക്കിസ്ഥാനു സഹായം നല്‍കരുത് എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ നമ്മളെന്തു ചെയ്യും?”- രാജ ചോദിച്ചു.

ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താന്‍ പിസിബി പുതിയ വഴികള്‍ തേടണമെന്നും ചെയര്‍മാന്‍ പറഞ്ഞു. അപ്രതീക്ഷിതമായി റദ്ദാക്കിയ പാക്കിസ്ഥാന്‍-ന്യൂസീലന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജ അറിയിച്ചു.

Top