ന്യൂഡല്‍ഹി: ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാത്ത രാജ്യമായി വൈകാതെ മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതി പൂര്‍ണമായി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി എഥനോള്‍, മെഥനോള്‍, പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ഇത് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.
ലോകരാജ്യങ്ങളെല്ലാം ക്രൂഡോയില്‍ ഇറക്കുമതിയില്‍ കുറവുവരുത്തിയിട്ടുണ്ട്. അതുപോലെ ഇന്ത്യയിലും കുറവു വന്നിട്ടുണ്ട്. രാജ്യത്ത് നേരത്തെ 7.5 ലക്ഷം കോടിരൂപയുടെ ഇറക്കുമതി നടന്ന സ്ഥാനത്ത് 4.5 ലക്ഷം കോടിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നീതി ആയോഗ് സംഘടിപ്പിച്ച മെഥനോള്‍ എക്കണോമിയെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലായാണ് ഇന്ത്യയുടെത്. ഈ അവസരം ഏറെ പ്രയോജനകരമാണ്. കാര്‍ഷിക മേഖലയിലും ഊര്‍ജമേഖലയിലും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം.
രാജ്യവ്യാപകമായി ജൈവ മാലിന്യങ്ങളില്‍ നിന്ന് എഥനോളും പ്രകൃതിവാതകവും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ചെലവു കുറയ്ക്കാന്‍ സാധിക്കുമെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നീതി ആയോഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.