ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 110 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 17പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ക്ക് രോഗം ഭേദമായതായി റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ദമ്പതിമാര്‍ക്കും ദുബായില്‍ നിന്നെത്തിയ ആള്‍ക്കുമാണ് രോഗം ഭേദമായിരിക്കുന്നത്. ഇറാനില്‍ നിന്ന് ഒഴിപ്പിച്ച 53 പേരെ രാജസ്ഥാനിലെ കരസേനാ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുറച്ച് ദിവസത്തേക്ക് ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് പാക് അതിര്‍ത്തി അര്‍ദ്ധരാത്രി അടച്ചു. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികള്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു.
കൊറോണ വ്യാപകമായി പടര്‍ന്ന് ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.