ഇന്ത്യയിലെ കൊവിഡ് വ്യാപനം; സഹായഹസ്തവുമായി ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്‌;ഇന്ത്യയില്‍ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പിന്തുണയുമായി ഫ്രാന്‍സ്. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്‌ത് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി.  ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കണക്കുകള്‍ രണ്ട് ദിവസമായി മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനിനാണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ സന്ദേശം ട്വീറ്റ് ചെയ്‌തത്.

24 മണിക്കൂറിനിടെ  ഇന്ത്യയില്‍  3,32,730 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ ദിവസം 2263 പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു. 1.62 കോടിയിലധികം പേര്‍ക്ക് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചു.
Top