മേയ് ആദ്യ വാരം ഇന്ത്യയിലെ കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലേക്കെത്തിയേക്കും !

ന്യൂഡല്‍ഹി: മേയ് ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഏറ്റവും മൂര്‍ധന്യാവസ്ഥയിലേക്കെത്തുമെന്നും അതിന് ശേഷം പോസിറ്റീവ് കേസുകള്‍ കുറയുമെന്നും വിലയിരുത്തല്‍. വൈറസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം
റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത ഒരാഴ്ച നിര്‍ണായകമാണ്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാല്‍ അടുത്ത ഏതാനം ദിവസങ്ങളില്‍ രാജ്യത്തെ രോഗികളുടെ എണ്ണവും വര്‍ധിക്കും. ഐസലേഷനില്‍ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

രോഗവ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെതന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.ലോക് ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചത് കൊണ്ടുതന്നെ രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍ സംസ്ഥനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന വന്‍ വര്‍ധന തടയാന്‍ സാധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, യുപി എന്നി സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വൈകിയതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രത്തിന്റെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഫലപ്രദമാണെന്നു കരുതുന്നതും ഈ കണക്കുകള്‍ അനുസരിച്ചു തന്നെയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15നുള്ളില്‍ രാജ്യത്തെ കോവിഡ് രോഗികള്‍ 8 ലക്ഷം കവിഞ്ഞിരുന്നേനേ എന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

നിലവില്‍ 13,387 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതില്‍ 437 പേര്‍ മരണപ്പെടുകയും ചെയ്തു.വരും ദിവസങ്ങളില്‍ ഈ സംഖ്യകളില്‍ വലിയ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന.

Top