വാഷിംഗ്ടൺ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കായി കൊറോണ പ്രതിരോധത്തിന് എല്ലാ സഹായവുമൊരുക്കുമെന്ന് അമേരിക്കൻ വ്യോമസേന. ഇതുവരെ നാല് വ്യോമസേന ചരക്കുവിമാനങ്ങളാണ് ഇന്ത്യയിലേക്ക് സേവനം നടത്തിയത്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് കൊറോണ പ്രതിരോധ സഹായം ഉറപ്പുനൽകിയത്. ഇന്ത്യ-അമേരിക്ക കൊറോണ പ്രതിരോധ സഹായ സംവിധാനം ഏകോപിപ്പിക്കുന്നത് അമേരിക്കയുടെ പ്രതിരോധ വകുപ്പ് നേരിട്ടാണ്. ഇന്ത്യയ്ക്കായി അംബാസിഡർ തരൺജീത് സിംഗ് സന്ധുവും അമേരിക്കയിൽ നിന്നുള്ള സഹായം ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്.
ഇതുവരെ നാല് സുപ്രധാന ചരക്കുനീക്കമാണ് കൊറോണ പ്രതിരോധത്തിനായി അമേരിക്കൻ വ്യോമസേന നടത്തിയത്.റാപ്പിഡ് ടെസ്റ്റ് നടത്താനാവശ്യമായ കിറ്റുകളുടെ നാല് ലോഡുകൾ, 545 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, 16ലക്ഷം എൻ 95 മാസ്‌കുകൾ, 1457 ഓക്‌സിജൻ സിലിണ്ടറുകൾ, 440 റെഗുലേറ്ററുകൾ, 220 പൾസ് ഓക്‌സിമീറ്ററുകൾ എന്നിവയാണ് എത്തിച്ചത്
പുതിയതായി ആയിരം ഓക്‌സിജൻ സിലിണ്ടറുകളും 15 ലക്ഷം മാസ്‌കുകളും ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടികളായെന്നും അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം അവശ്യമരുന്നുകളും എത്തിക്കുമെന്നും യു.എസ്. അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു.