സിക്കിം: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചു.
അരുണാചല്‍ പ്രദേശിന്റെ 1400 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതലായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
സിക്കിം, അരുണാചല്‍പ്രദേശ് ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതിര്‍ത്തിയിലെ സ്ഥിതിഗതികളുടെ വിശദമായ വിലയിരുത്തലിനുശേഷമാണ് നടപടി.
അതേസമയം സേനാവിന്യാസത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 45,000ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, എട്ട് ആഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുന്ന ദോക് ലാമില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. 350 ഓളം സൈനികരാണ് ഈ ഭാഗത്തുള്ളത്.
വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മറ്റുമായി സൈനികരെ 9000 അടിവരെ ഉയരത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്തു.