സിപിഐഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയത്; കെ സുധാകരന്‍

ഡല്‍ഹി: സിപിഐഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ത്യ സഖ്യത്തില്‍ സിപിഐഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. മറ്റൊരു പാര്‍ട്ടിക്കും പ്രശ്‌നങ്ങളില്ല. സിപിഐഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനില്‍ക്കും. താത്പര്യമുണ്ടെങ്കില്‍ മാത്രം സിപിഐഎം സഖ്യത്തിന്റെ ഭാഗമായാല്‍ മതിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

സിപിഐഎം ഇല്ലാത്തതുകൊണ്ട് സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗരാജ്യ സങ്കല്പം പോലെയാണ്. ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ അംഗമാകുന്നതിനെ എതിര്‍ക്കുന്നത് സിപിഐഎം കേരള നേതൃത്വമാണ്. കേരളത്തില്‍ സിപിഐഎമ്മിനെതിരെയാണ് പ്രധാന പോരാട്ടമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നതയില്ലെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഏകോപന സമിതിയില്‍ ഉണ്ടാകില്ല എന്ന സിപിഐഎം നിലപാടിനെ മാനിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഏകാധിപത്യ സ്വഭാവമില്ല. പാര്‍ട്ടിയുടെ ആദര്‍ശം മാറ്റിവെച്ച് മുന്നണിയില്‍ ചേരണമെന്ന് പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top