ഒക്ടോബറോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് മാരുതി സുസുകി. ന്യൂഡല്‍ഹിയില്‍ മൂവ് ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒസാമു സുസുകിയാണ് ഇക്കാര്യം അറിയിച്ചത്. അമ്പത് പ്രോട്ടോടൈപ്പ് കാറുകളാണ് സുസുക്കി പരീക്ഷിക്കുന്നത്. വൈദ്യുതി സംവിധാനം വിലയിരുത്തുന്നതിനാണ് പരീക്ഷണം നടത്തുന്നത്.
കൂടാതെ ഇന്ത്യയിലെ ഗതാഗത, കാലാവസ്ഥ സാഹചര്യങ്ങളില്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ് പരിശോധിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഒസാമു സുസുകി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിക്കുന്ന വാഹന മാതൃക ഇന്ത്യയില്‍ വരണമെന്നില്ല. സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് സുസുകി വ്യക്തമാക്കി.
ഗുജറാത്തിലെ ബാറ്ററി പ്ലാന്റില്‍ 2020 ല്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ ഉത്പ്പാദനം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോഷിബ, ഡെന്‍സോ കമ്പനികളുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന പ്ലാന്റിനായി സുസുകി ഇതിനകം 1,137 കോടി രൂപ മുടക്കിക്കഴിഞ്ഞു. ഗുജറാത്തിലെ സുസുകി പ്ലാന്റിലായിരിക്കും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുന്നത്.
2020 ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് അവതരിപ്പിക്കുന്നതിന് ടൊയോട്ടയുമായി ധാരണാപത്രം ഒപ്പുവെച്ചതായി കഴിഞ്ഞ നവംബറില്‍ സുസുകി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലേക്കായി സുസുകി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുകയും കുറച്ച് കാറുകള്‍ ടൊയോട്ടയ്ക്ക് കൈമാറുകയും ചെയ്യും. ഇത്തരത്തിലായിരുന്നു ധാരണാപത്രത്തിലെ വ്യവസ്ഥകളുള്ളത്. അതേ സമയം ഇലക്ട്രിക് കാറുകള്‍ സംബന്ധിച്ച സാങ്കേതിക സഹായം ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ലഭ്യമാക്കും.