ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ ലോര്‍ഡ്‌സില്‍ തുടങ്ങും. ആദ്യ ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ സമനിലയില്‍ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്‌സ് ഗാലറിയിലുണ്ടാകും. ട്രെന്റ് ബ്രിഡ്ജില്‍ കൈയ്യകലെ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്.
ലോര്‍ഡ്സിലെ ആദ്യ ദിനം പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന സൂചനയുള്ളതിനാല്‍ നിലവിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. നാല് പേസര്‍മാരും സ്പിന്നറായി ജഡേജയും കളിച്ചേക്കും. ലോര്‍ഡ്‌സിലെ പിച്ചില്‍ അധിക ബൗണ്‍സിന് സാധ്യതയുള്ളതിനാല്‍ ടെന്നിസ് പന്ത് ഉപയോഗിച്ചായിരുന്നു വിരാട് കോലിയുടെ പരിശീലനം. ജെയിംസ് ആന്‍ഡേഴ്സന് മുന്നില്‍ ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായിരുന്നു ഇന്ത്യന്‍ നായകന്‍. പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ക്വാറന്റീനില്‍ തുടരുകയാണ്.
ആദ്യ ടെസ്റ്റിലെ പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ടീമില്‍ തിരിച്ചെത്തും. ബാറ്റിംഗിലും മാറ്റം വന്നേക്കും. സാക്ക് ക്രൗലിക്ക് അവസരം നഷ്ടമാകുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിന് ഭീഷണിയായ മഴ ലോര്‍ഡ്‌സില്‍ മാറിനില്‍ക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മഴ ഇന്ത്യയുടെ വിജയവഴിക്ക് തടസമായപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി മതിയായിരുന്ന ഇന്ത്യക്ക്. എന്നാല്‍ കനത്ത മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ അവസാന ദിവസം പൂര്‍ണമായും ഉപേക്ഷിച്ചു. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.