ലോര്‍ഡ്‌സ്: വിജയത്തിന്റെ ആഹ്ലാദത്തില്‍ മുഴുകിയിരിക്കുന്ന ഇംഗ്ലണ്ട് ടീമിന് തിരിച്ചടി. ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് ലോര്‍ഡ്‌സില്‍ കളിക്കാനാകില്ല. രണ്ടാം ടെസ്റ്റിന്റെ സമയത്ത് ക്രിമിനല്‍ കേസിലെ വിചാരണ നേരിടുന്നതിനാല്‍ ആണ് സ്റ്റോക്‌സിനെ 13 അംഗ ടീമില്‍ നിന്ന് ഒഴിവാക്കിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരവിജയം ആഘോഷിക്കുന്നതിനിടെ ബാറില്‍ മദ്യപിച്ച ശേഷം കലഹമുണ്ടാക്കിയതാണ് സ്റ്റോക്‌സിനെതിരെയുള്ള കേസ്. ഇതിലെ വിചാരണയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളാണ് താരത്തിന് തിരിച്ചടിയായത്.
സ്റ്റോക്‌സിനെ പകരം ക്രിസ് വോക്‌സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റോക്‌സിനെ കൂടാതെ ഡേവിഡ് മാലനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാലന് പകരം ഒലീ പോപ്പിനെയും 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മാലനെ ഒഴിവാക്കിയത്.
ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ടീമിന് ഇതൊരു ആഘാതമാവുമോ എന്ന് കണ്ടറിയാം. ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണില്‍ നടന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വിയാണ് നേരിടേണ്ടി വന്നത്.
194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 162 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലാണ്. ലോര്‍ഡ്‌സില്‍ വ്യാഴാഴ്ചയാണ് അടുത്ത ടെസ്റ്റിന് തുടക്കമാവുക.