ബര്‍മിംഗ്ഹാം: അഞ്ചു ടെസ്റ്റുകളുള്ള ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോറൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇന്നിറങ്ങുമ്പോള്‍ അത് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം ആദ്യമായി ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയെന്ന ചരിത്രം.
അതുകൊണ്ടുതന്നെ ആയിരാമത്തെ ടെസ്റ്റ് മധുരമുള്ള ഓര്‍മയാക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. മറ്റൊരു ടീമും ഇങ്ങനെയൊരു നാഴികകല്ല് പിന്നിട്ടിട്ടില്ല. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം.
ഇംഗ്ലണ്ടില്‍ മോശം റെക്കോഡുള്ള ഇന്ത്യക്ക് അഞ്ച് ടെസ്റ്റുകളുള്ള പരമ്പര വെല്ലുവിളിയാകും. എന്നാല്‍ ചരിത്ര ടെസ്റ്റിന് ഇംഗ്ലണ്ടിറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് വിരാട് കോലിയും സംഘവും ഇന്നിറങ്ങുക. ബര്‍മിംഗ്ഹാമിലെയും ഇംഗ്ലണ്ടിലെയും തോല്‍വിയുടെ ചരിത്രം മാറ്റിയെഴുതാന്‍. മുമ്പ് നടന്ന ടി20യില്‍ ഇന്ത്യയും ഏകദിനത്തില്‍ ഇംഗ്ലണ്ടുമായിരുന്നു പരമ്പര വിജയികള്‍.
ശിഖര്‍ ധവാനും രവിചന്ദ്ര അശ്വിനും ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചപ്പോള്‍ ചേതേശ്വര്‍ പൂജാരയും കുല്‍ദീപ് യാദവും പുറത്തായി. ഇതില്‍ പൂജാരയെ മാറ്റിനിര്‍ത്തിയത് അപ്രതീക്ഷിതമായി. മുഹമ്മദ് ഷമി, ഉമേശ് യാദവ്, ഇശാന്ത് ശര്‍മ്മ എന്നിവരാണ് പേസ് ബൗളര്‍മാര്‍. കെഎല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍.