ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

ന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് മത്സരം ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം എഡിഷനിലെ ആദ്യ പരമ്പര കൂടിയാണ് ഇത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. (

മൂടിക്കെട്ടിയ അന്തരീക്ഷമാണ് ട്രെന്റ് ബ്രിഡ്ജില്‍. രണ്ടാം ദിനം മുതല്‍ മഴ സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ പേസ് ഹെവി അറ്റാക്ക് ആവും ഇരു ടീമുകളും തെരഞ്ഞെടുക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പേസ് ബൗളര്‍ക്ക് പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള തീരുമാനം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ നാല് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായി ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയേക്കാം. എന്നാല്‍, സന്നാഹ മത്സരത്തില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്തിയ ജഡേജയെ മാറ്റിനിര്‍ത്തി ഒരു ഫൈനല്‍ ഇലവന്‍ ഇന്ത്യ പരീക്ഷിക്കുമോ എന്നതും സംശയമാണ്. ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്ന് പേസര്‍മാര്‍ ആരൊക്കെ എന്നതും ഇന്ത്യക്ക് തലവേദനയാണ്.

ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിവുള്ള ശര്‍ദ്ദുല്‍ താക്കൂര്‍ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ബുംറ, ഷമി എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ഇശാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ തമ്മിലാവും മൂന്നാം പേസറിനുള്ള മത്സരം. ജഡേജ കളിച്ചില്ലെങ്കില്‍ സ്വാഭാവികമായും ബാറ്റിംഗ് കൂടി പരിഗണിച്ച് താക്കൂറിനു തന്നെയാണ് സാധ്യത. നാലാം പേസറായി സിറാജ് എത്തിയേക്കും. എന്നാല്‍. ജഡേജ ടീമിലുണ്ടെങ്കില്‍ ഇശാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവര്‍ തമ്മിലാവും മത്സരം.

മായങ്ക് അഗര്‍വാള്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായതിനാല്‍ ലോകേഷ് രാഹുല്‍ തന്നെ രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. ഹനുമ വിഹാരിക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ മൂന്ന് വര്‍ഷം മുന്‍പ് ടെസ്റ്റ് സെഞ്ചുറിയടിച്ച രാഹുലിനു തന്നെയാണ് സാധ്യത കൂടുതല്‍.

 

Top