ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 288 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞോളു.
സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും 133 റണ്‍സില്‍ പുറത്തായതോടെ ഇന്ത്യയുടെ പരാജയം പൂര്‍ണമായി. രോഹിതിന് പുറമേ ധോണി മാത്രം ആണ് പിടിച്ചു നിന്നത്. ധോണി 96 പന്തില്‍ 51 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോമ്പ് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.
10 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടിയ റിച്ചാര്‍ഡ്‌സണ്‍ ആണ് ഇന്ത്യയുടെ അന്തകനായത്.
മത്സരത്തില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യന്‍ തുടക്കം. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഗോള്‍ഡണ്‍ ഡക്കായി. ബെഹ്‌റന്‍ഡോഫ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. നായകന്‍ വിരാട് കോലിയാണ് രണ്ടാമനായി പുറത്തായത്. റിച്ചാര്‍ഡ്‌സ് എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ ബാറ്റുവെച്ച കോലിക്ക് പിഴച്ചു. എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത കോലിയുടെ ഇന്നിംഗ്‌സ് സ്റ്റോയിനിസിന്റെ കൈകളില്‍ അവസാനിച്ചു. ഇതേ ഓവറില്‍ അമ്പാട്ടി റായുഡുവും(0) എല്‍ബിയില്‍ പുറത്തായി.
എന്നാല്‍ ഈ തകര്‍ച്ചയില്‍ നിന്ന് രോഹിത് ധോണി സഖ്യം ഇന്ത്യന്‍ വളയം പിടിക്കുകയായിരുന്നു. ധോണി പതുക്കെ തുടങ്ങിയപ്പോള്‍ ആത്മവിശ്വാസത്തോടെ ഓസീസ് ബൗളര്‍മാരെ നേരിടുകയായിരുന്നു രോഹിത്. 62 പന്തില്‍ രോഹിത് അമ്പതിലെത്തി. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിക്ക് പിന്നാലെ ധോണിയെ ബെഹ്‌റന്‍ഡോഫ് എല്‍ബിയില്‍ മടക്കി. 96 പന്തിലാണ് ധോണി 51 റണ്‍സെടുത്തത്. പിന്നാലെ രോഹിതിനൊപ്പം കാര്‍ത്തിക് ഒത്തുചേര്‍ന്നെങ്കിലും 12 റണ്‍സെടുത്ത് നില്‍ക്കവേ റിച്ചാര്‍ഡ്‌സണിന്റെ പേസ് കാര്‍ത്തിക്കിന്റെ സ്റ്റംപ് പിഴുതെടുത്തു.
ഒരറ്റത്ത് നിലയുറപ്പിച്ച രോഹിത് ശര്‍മ്മ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. രോഹിത് 110 പന്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യക്ക് ജീവന്‍ നല്കി. എന്നാല്‍ റിച്ചാര്‍ഡ്‌സണ്‍ വീണ്ടും ഇന്ത്യക്ക് വില്ലനായി. 13 പന്തില്‍ എട്ട് റണ്‍സെടുത്ത ജഡേജ ഷോട്ട് പിച്ച് പന്തില്‍ ഷോണ്‍ മാര്‍ഷിന്റെ കൈകളില്‍ ഒതുങ്ങി. പിന്നീട് കൂറ്റനടി മാത്രമായിരുന്നു രോഹിതിന്റെ മുന്നിലുണ്ടായിരുന്ന വഴി. ഇത് 46ാം ഓവറില്‍ രോഹിതിന് പാരയായി. സ്റ്റോയിനിസിന്റെ ഷോട്ട് പിച്ച് പന്ത് രോഹിതിന്റെ ജീവനെടുത്തപ്പോള്‍ അക്കൗണ്ടില്‍ 129 പന്തില്‍ 133 റണ്‍സ്.
അവസാന മൂന്ന് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വിദൂരമായ 62 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഈ സ്‌കോര്‍ ഇന്ത്യന്‍ വാലറ്റത്തിന് എത്തിപ്പിടിക്കാന്‍ ആകുന്നതായിരുന്നില്ല. 49ാം ഓവറിലെ അവസാന പന്തില്‍ മൂന്ന് റണ്‍സെടുത്ത കുല്‍ദീപിനെ പീറ്റര്‍ സിഡില്‍ പുറത്താക്കിയതോടെ ഇന്ത്യന്‍ പ്രതിരോധത്തിന് വിസില്‍. 23 പന്തില്‍ 29 റണ്‍സെടുത്ത ഭുവിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഓസ്‌ട്രേലിയക്കായി ബെഹ്‌റന്‍ഡോഫ് രണ്ടും സിഡിലും സ്റ്റോയിനിസും ഓരോ വിക്കറ്റും വീഴ്ത്തി.