ഇറ്റലിയെയും സ്‌പെയിനിനെയും കടന്ന് ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമായതോടെ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഇപ്പോള്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നിവ മാത്രമാണ് മുന്നില്‍. തുടര്‍ച്ചയായി കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 2,43,733 ആയി ഉയര്‍ന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2,36,657 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച മാത്രം 9,887 പുതിയ കേസുകളും 294 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തുടര്ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ശനിയാഴ്ച 2739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 120 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയര്‍ന്നു. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി.

ശനിയാഴ്ച മാത്രം 1,458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയില്‍ ഇതുവരെ 1,14,073 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

Top