ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്ന് കുവൈറ്റ് സന്ദർശിക്കും

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ ഇന്ന് കുവൈറ്റ് സന്ദര്‍ശനം തുടങ്ങും. ഇന്ന് മുതല്‍ ജൂണ്‍ 11 വരെ നീളുന്ന സന്ദര്‍ശനത്തിനായാണ് വിദേശകാര്യ മന്ത്രി കുവൈറ്റിൽ എത്തുന്നത്. എസ് ജയ്ശങ്കറിന്റെ കുവൈത്തിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രി ശെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുമ്മദ്ഹ അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കുവൈറ്റിൽ എത്തുന്നത്.

സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കുവൈറ്റ് അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് മന്ത്രി കൈമാറും. 3 ദിവസം നീളുന്ന സന്ദര്‍ശനത്തിനിടയില്‍ കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രിമാരുമായും മറ്റ് മുതിര്‍ന്ന ഭരണാധികാരികളുമായും ചര്‍ച്ചകള്‍ നടത്തും. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കുവൈത്ത് ഇന്ത്യയ്ക്ക് നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും അദ്ദേഹം ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തും

Top