ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നതായി കണക്കുകള്‍. രാജ്യത്തെ പ്രതിദിന രോഗബാധ ഇന്നലെയും പതിനാലായിരം കടന്നിരുന്നു. രോഗ വ്യാപനം വേഗത്തിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം രോഗ മുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാണ്. 54 ശതനമാനത്തിന് മുകളില്‍ ആളുകള്‍ രോഗമുക്തി നേടി.
പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനയുടെ എണ്ണവും കുത്തനെ കൂട്ടിയിട്ടുണ്ട്. 1.84 ലക്ഷത്തിലധികം പരിശോധനയാണ് പ്രതിദിനം നടത്തുന്നത്. 66.16 ലക്ഷം പരിശോധനയാണ് ഇന്നലെ വരെ നടത്തിയത്. അതേസമയം, ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 3630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ മാത്രം 77 പേര്‍ മരിച്ചു. ഇതുവരെ 2112 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. 17,533 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ പരിശോധനകള്‍ കൂട്ടിയത്.