ടെക്സ്റ്റ് സന്ദേശമായോ, കോള്‍ ആയോ ഏറ്റവുമധികം സ്പാം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക് എന്ന് ട്രൂകോളര്‍ പറയുന്നു. ഉപയോക്താക്കള്‍ ആവശ്യപ്പെടാതെ എത്തുന്ന സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കുമാണ് സ്പാം എന്നു പറയുന്നത്. ഇവ പൊതുവേ പരസ്യങ്ങളായിരിക്കും. അദ്ഭുത മരുന്നുകളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളായിരിക്കും ഇങ്ങനെ പ്രചരിപ്പിക്കുക. ഇന്ത്യയിലെ സ്പാമുകളില്‍ 93.5 ശതമാനവും ടെലിമാര്‍ക്കറ്റിങ് കോളുകളാണെന്ന് ട്രൂകോളര്‍ പറയുന്നു.
ഇങ്ങനെ സ്പാം കോളുകള്‍ നടത്തുന്ന ഒരു കമ്പനി മാത്രം രാജ്യത്ത് 202 ദശലക്ഷം കോളുകള്‍ നടത്തിയെന്നും അവര്‍ അവകാശപ്പെടുന്നു. അതായത് ദിവസവും 6,64,000 കോളുകള്‍ അവര്‍ നടത്തുന്നു. അല്ലങ്കില്‍ ഒരോ മണിക്കൂറും ഈ കമ്പനി മാത്രം 27,000 കോളുകള്‍ നടത്തുന്നു. ട്രൂകോളര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഫോണുകളിലെ വിവരങ്ങള്‍ ഉപയോഗിച്ചുള്ള പഠനമാണിത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 380 കോടി സ്പാം കോളുകളാണ് ഇന്ത്യയിലെ ട്രൂകോളര്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണുകളിലേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും അധികം സ്പാം ലഭിക്കുന്ന രാജ്യം ബ്രസീലാണ്. രണ്ടാം സ്ഥാനത്ത് പെറു ആണ്.