ഹാര്‍ലി ബൈക്കുകളുടെ ഇറക്കുമതിത്തീരുവ ഒഴിവാക്കണം ; ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദം

harley-davidson

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതിത്തീരുവ പൂര്‍ണമായി ഒഴിവാക്കാന്‍ ഇന്ത്യക്കുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു യുഎസ് ടി ആറുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.

800 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ബൈക്കുകളുടെ തീരുവ ഫെബ്രുവരിയില്‍ 75 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.ഇറക്കുമതി ചെയ്യുന്ന സൂപ്പര്‍ ബൈക്കുകളുടെ തീരുവ ഇന്ത്യ അടുത്തിടെ 25 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ട് അമേരിക്ക തൃപരല്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇറക്കുമതിത്തീരുവ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ്‌സ് (യുഎസ്ടിആര്‍) ഓഫീസ് ആവശ്യപ്പെടുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് തീരുവ കുറച്ചാല്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഹൈ എന്‍ഡ് മോട്ടോര്‍ ബൈക്കുകള്‍ക്കും തീരുവ കുറയ്‌ക്കേണ്ടിവരും. അത് ആഭ്യന്തര വിപണിക്ക് ദോഷകരമാകും. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദത്തിന്റെ ഫലമായി ഇന്ത്യ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ തീരുവ കുറക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷം പകരുന്ന വാര്‍ത്ത തന്നെയായിരിക്കും.

Top