ഇന്ത്യൻ വ്യോമസേനക്ക് കരുത്തായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി എത്തി

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് കരുത്തായി മൂന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി എത്തി. ഇതോടെ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. അവസാന വിമാനം അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് വിവരം.

ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് പുതിയ റഫാല്‍ വിമാനങ്ങളെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.

2016 സെപതംബറില്‍ ഫ്രാന്‍സുമായി ഏര്‍പ്പെട്ട 59000 കോടി രൂപയുടെ കരാര്‍ അനുസരിച്ചാണ് റഫാല്‍ വിമാനമെത്തുന്നത്. അന്തരീക്ഷത്തില്‍ നിന്ന് ഉതിര്‍ക്കാവുന്ന മിസൈലുകളെ അടക്കം വഹിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളായിരുന്നു ഇന്ത്യ റഫാല്‍ വിമാനങ്ങളില്‍ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ സേനയ്ക്ക് വന്‍കരുത്ത് നല്‍കുന്നതാവും മാറ്റങ്ങളോട് കൂടിയ പുത്തന്‍ റഫാല്‍ വിമാനങ്ങള്‍. വിമാനങ്ങളിലെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഇന്ത്യിലെത്തിച്ച ശേഷമാകും ചെയ്യുക.

 

Top