സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് കൈമാറി

ട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറിന്റെ ഭാഗമായി സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക കേന്ദ്ര സര്‍ക്കാരിന് സ്വിറ്റ്സര്‍ലാന്‍ഡ് കൈമാറി. സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുള്‍പ്പടെയുള്ള 86 രാജ്യങ്ങള്‍ക്ക് രണ്ടാം ഘട്ട വിവരങ്ങള്‍ കൈമാറിയത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തൽ.

അക്കൗണ്ട് ഉടമകളുടെ പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതി നമ്പര്‍ എന്നിങ്ങനെ അക്കൗണ്ടിനെയും സാമ്പത്തിക കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് കൈമാറിയത്. നികുതിദായകര്‍ അവരുടെ വരുമാനത്തിന് അനുസൃതമായി കൃത്യമായി നികുതി നല്‍കിയിട്ടുണ്ടോയെന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അധികൃതര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. നേരത്തെ 2019 സെപ്റ്റംബറില്‍ ആദ്യ ഘട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇന്ത്യയുള്‍പ്പടെയുള്ള 75 രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരന്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ കൈമാറിയത്. 2021 സെപ്റ്റംബറിലാണ് അടുത്തഘട്ട കൈമാറ്റം നടക്കുക.

Top