സേനക്ക് കൂടുതല്‍ കരുത്തുറപ്പിച്ച് ഇന്ത്യ ; 22,800 കോടി രൂപയുടെ ആയുധങ്ങള്‍ കൂടി വാങ്ങും

ന്യൂഡല്‍ഹി : വിവിധ സേനാവിഭാഗങ്ങള്‍ക്കായി 22,800 കോടി രൂപയുടെ പുതിയ ആയുധങ്ങള്‍ കൂടി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അത്യാധുനിക ആക്രമണ റൈഫിളുകള്‍, പുത്തന്‍ സാങ്കേതിക വിദ്യയോടെയുള്ള യുദ്ധ വിമാനങ്ങള്‍ തുടങ്ങിയവ വാങ്ങാനാണു തീരുമാനം.

രാത്രിയിലും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ അനുയോജ്യമായ വിധത്തിലുള്ള ആയുധങ്ങളാണ് വാങ്ങുക. ഇരുട്ടിലെ ആക്രമണങ്ങളെ നേരിടാന്‍ സഹായിക്കുന്ന മികച്ച സാങ്കേതിക വിദ്യയിലുള്ളതായിരിക്കും ആയുധങ്ങള്‍. സൈനികര്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതായിരിക്കും അത്യാധുനിക പോരാട്ട ശേഷിയുള്ള ആയുധങ്ങളെന്നും ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.

ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി സേനകളുടെ കരുത്ത് ഉറപ്പിക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിച്ചു.

വ്യോമസേനയ്ക്കായി കൂടുതല്‍ എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം വാങ്ങുന്നതിനുള്ള പ്രാഥമികാനുമതിയും കൗണ്‍സില്‍ നല്‍കി. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം ആകും അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍പ്പെടുന്ന ഈ സംവിധാനം വിമാനങ്ങളില്‍ ഉള്‍പ്പെടുത്താനുളള നടപടി സ്വീകരിക്കുക. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഏറ്റവും നേരത്തെ അറിയുന്ന സംവിധാനമാണിത്.

നാവിക സേനയ്ക്കായി കൂടുതല്‍ P8-I സമുദ്ര നിരിക്ഷണ വിമാനങ്ങള്‍ വാങ്ങാനും തീരദേശ സേനയ്ക്കായി ഇരട്ട എന്‍ജിന്‍ ഹെവി ഹെലികോപ്ടറുകള്‍ വാങ്ങാനും ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

Top