ഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയവും മറ്റ് നിരവധി പദ്ധതികളും ഉള്‍പ്പെടെയുള്ള പുതിയ സര്‍ക്കാര്‍ നയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളും തത്വങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഉപ്പുസത്യാഗ്രഹത്തിന്റെ 92-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സൈക്കിള്‍റാലി ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദണ്ഡിയാത്രയില്‍ വിശ്രമസ്ഥലങ്ങളില്‍ രാത്രി തങ്ങുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഗാന്ധിജി മനസ്സിലാക്കുമായിരുന്നു. അവയുടെ പരിഹാരങ്ങള്‍ പ്രസംഗങ്ങളിലൂടെ അവരെ അറിയിക്കുകയും ചെയ്യും. പ്രധാനമന്ത്രിയായ ശേഷം ഇതേ കാര്യങ്ങള്‍തന്നെയാണ് മോദി ചെയ്തതെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു.
മാതൃഭാഷയ്ക്കും ദേശീയഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നതും തൊഴിലധിഷ്ഠിതവുമായ പുതിയ വിദ്യാഭ്യാസ നയം ഉദാഹരണമാണ്. സ്വച്ഛ് ഭാരത് അഭിയാന്‍ ഗാന്ധിജിയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണെന്നും അമിത് ഷാ പറഞ്ഞു.