ന്യൂഡല്‍ഹി: ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ഇന്ത്യക്ക് അതുല്യസാധ്യതകളുണ്ടെന്ന് ഇന്ത്യക്കാരനായ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ജനങ്ങള്‍ കരുന്നതിനേക്കാളേറെ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ട് അതിനാല്‍ ശക്തമായ അടിത്തറ ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ഇന്ത്യക്കുണ്ട്. ഗൂഗിളിന്റെ കാഴ്ചപ്പാടില്‍ നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിളിന്റെ പരിശീലന പരിപാടിയായ ‘ഡിജിറ്റല്‍ അണ്‍ലോക്ക്ഡ്’ തുടക്കം കുറിക്കുമ്പോഴാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പരിശീലനം നല്‍കാനുള്ള പ്രോഗ്രാമാണിത്.
ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യയുടെ യുപിഐ സംവിധാനം മികച്ചതാണ്. മറ്റുപല രാജ്യങ്ങളിലും ഇത്തരമൊരു സംവിധാനം തന്നെയില്ല.
നോട്ട് അസാധുവാക്കല്‍ പോലുള്ള നീക്കങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. മറ്റു പല രാജ്യങ്ങള്‍ക്കും സാധിക്കാത്ത കാര്യങ്ങളില്‍ ഇന്ത്യക്ക് കുതിച്ചുചാട്ടം നടത്താന്‍ സാധിക്കും. ഇതിനെ സഹായിക്കുന്നതിനായി തങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂവെന്നും പിച്ചൈ പറഞ്ഞു.