കങ്കണ റണൗട്ട് നായികയായി തിയേറ്ററിലെത്തിയ ചിത്രമാണ് തേജസ്. എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ജീവിതകഥയുമായി ഒക്ടോബര്‍ 27നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 100 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് വെറും മൂന്നു കോടിയാണ് ഇതുവരെയുള്ള കലക്ഷന്‍. ഇതിനിടെ ആരാധകരോട് തേജസ് കാണണമെന്ന അഭ്യര്‍ഥനയുമായി കങ്കണ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുകയാണ്.
”കോവിഡിന് മുമ്പുതന്നെ തിയറ്ററുകളിലേക്കുള്ള ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. കോവിഡിന് ശേഷം അതു കൂടി. സൗജന്യ ടിക്കറ്റുകളും ഓഫറുകളും നല്‍കിയിട്ടും പല തിയറ്ററുകളും അടച്ചുപൂട്ടി. തിയറ്ററുകളില്‍ സിനിമകള്‍ കാണാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാനും ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് (തിയറ്ററുകള്‍) അതിജീവിക്കാന്‍ കഴിയില്ല.” എന്നായിരുന്നു കങ്കണ പറഞ്ഞത്. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.” ഇന്ത്യക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്ന് കാത്തിരിക്കൂ, പതുക്കെ കേറി വരും,’ എന്നാണ് എക്സില്‍ പ്രകാശ് രാജ് കങ്കണക്ക് മറുപടി നല്‍കിയത്. 2014ലാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ തന്നെ പഴയ വാക്കുകള്‍ കടമെടുത്തായിരുന്നു നടന്റെ പരിഹാസം.
കങ്കണ നായികയായി അഭിനയിച്ച ചന്ദ്രമുഖി 2വും തിയറ്ററില്‍ വന്‍പരാജയമായിരുന്നു. കങ്കണയുടെ കഥാപാത്രത്തെയും ഡാന്‍സിനെയും മേക്കപ്പിനെയും പരിഹസിച്ചുകാണ്ട് സോഷ്യല്‍മീഡിയയില്‍ നിറയെ ട്രോളുകളായിരുന്നു. 1.25 കോടിയായിരുന്നു തേജസിന്റെ ഇനീഷ്യല്‍ കലക്ഷന്‍. വിക്രാന്ത് മാസിയുടെ 12വേ ഫെയിലിനൊപ്പമാണ് തേജസ് റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടുകയും ചെയ്തു. തേജസ് ഗില്‍ എന്ന ഐ.എ.എഫ് ഓഫീസറെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. സര്‍വേശ് മേവാരയാണ് സംവിധാനം. ആശിഷ് വിദ്യാര്‍ഥി, മലയാളി താരം വിശാഖ് നായര്‍, അന്‍ഷുല്‍ ചൗഹാന്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
India has got Independence just recently in 2014… please wait ..it will pick up.. #justasking https://t.co/1bb303NivF
— Prakash Raj (@prakashraaj) October 28, 2023