ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രായേലും തമ്മില്‍ 9 ധാരണാപത്രങ്ങളില്‍ ഒപ്പു വെച്ചു. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടത്. പ്രതിരോധം, കാര്‍ഷികം, സൈബര്‍ സുരക്ഷ, അലോപതി, ഹോമിയോപതി, ശാസ്ത്രസാങ്കേതിക രംഗം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുവരും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
പ്രതിരോധരംഗത്ത് വിദേശനിക്ഷേപം നടപ്പാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇസ്രായേല്‍ ആയുധകമ്പനികള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഇസ്രയേലുകാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ ഇന്ത്യ നിയമങ്ങളില്‍ ഇളവ് അനുവദിക്കുമെന്നും മോദി വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. പ്രധാനമന്ത്രിമാരുടെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജൂതന്‍മാര്‍ സുരക്ഷിതരാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.
നേരത്തെ രാഷട്രപതി ഭവനില്‍ നെതന്യാഹുവിന് രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. ആറ് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു മുംബൈ, ആഗ്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.