ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ലീഡ് 46 റണ്‍സിലെത്തി.

രോഹിത് 160 പന്തില്‍ 102 റണ്‍സെടുത്തിട്ടുണ്ട്. 13 ഫോറും മൂന്ന് സിക്‌സും സഹിതമാണ് രോഹിതിന്റെ ഇന്നിംഗ്‌സ്. ഗില്‍ 142 പന്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്. 10 ഫോറും അഞ്ച് സിക്‌സും ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു.

രണ്ടാം ദിനം ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുഃനരാരംഭിച്ചത്. ബൗളര്‍മാരെ മാറ്റി മാറ്റി ഉപയോഗിക്കുക മാത്രമാണ് ബെന്‍ സ്റ്റോക്‌സിന് ചെയ്യാനുണ്ടായിരുന്നത്. ആര്‍ക്കും ഗില്‍-രോഹിത് സഖ്യത്തെ വീഴ്ത്താന്‍ കഴിഞ്ഞില്ല. ഇരുവരും തമ്മിലുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 160 റണ്‍സില്‍ എത്തി നില്‍ക്കുകയാണ്.

Top