വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ്. 87 റണ്‍സോടെ വിരാട് കോലിയും 36 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍. അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, അജിങ്ക്യാ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യ ടെസ്റ്റിലേതിന് സമാനമായി യശസ്വിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യക്ക് ഗംഭീര തുടക്കമാണ് നല്‍കിയത്. ടോസിലെ നിര്‍ഭാഗ്യം ഇന്ത്യയെ ബാറ്റിംഗില്‍ ബാധിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി-രോഹിത് സഖ്യം 139 റണ്‍സടിച്ചപ്പോഴെ വിന്‍ഡീസിന്‍റെ പിടി അയഞ്ഞു. ആദ്യ ദിനം ലഞ്ചിന് മുമ്പ് വിക്കറ്റൊന്നും വീഴ്ത്താന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായില്ല. എന്നാല്‍ ലഞ്ചിനുശേഷം യശസ്വിയെ(57) വീഴ്ത്തിയ ഹോള്‍ഡറാണ് വിന്‍ഡീസിന് ആശ്വസിക്കാന്‍ വക നല്‍കിയത്.

ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തി. ടീം സ്കോര്‍ 150 കടന്നതിന് പിന്നാലെ 12 പന്തില്‍ 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ കെമര്‍ റോച്ചിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രോഹിത്തും കോലിയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഗില്ലിന് പിന്നാലെ രോഹിത് വാറിക്കന് മുന്നില്‍ വീണു. 80 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍റെ സംഭാവന. 16 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ രഹാനെ-കോലി സഖ്യം കരകയറ്റുമെന്ന് കരുതിയെങ്കിലും ഷാനോണ്‍ ഗബ്രിയേലിന്‍റെ പേസിന് മുന്നില്‍ രഹാനെയുടെ സ്റ്റംപിളകി. 36 പന്ത് നേരിട്ട വൈസ് ക്യാപ്റ്റന്‍ എട്ട് റണ്‍സുമായി മടങ്ങുമ്പോള്‍ ഇന്ത്യ 182ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.

ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെയെത്തിയ രവീന്ദ്ര ജഡേജ വിരാട് കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ആദ്യ ദിനം ഇന്ത്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കരിയറിലെ അഞ്ഞൂറാം രാജ്യാന്തര മത്സരം കളിക്കുന്ന വിരാട് കോലി 87 റണ്‍സുമായി ക്രീസിലുള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ. അഞ്ഞൂറാം മത്സരത്തില്‍ അഞ്ച് വര്‍ഷത്തിനിടെ വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ചുറി കോലി സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിന്‍ഡീസിനായി റോച്ചും ഗബ്രിയേലും വാറിക്കനും ഹോള്‍ഡറും ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ ടെസ്റ്റ് കളിച്ച ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം ഇന്ത്യ മുകേഷ് കുമാറിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.

Top