ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറാനിലാണ്. വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കഴിയാതെ പകച്ച് നില്‍ക്കുന്ന ഇറാനില്‍ നിന്നും ഇന്ത്യന്‍ തീര്‍ത്ഥാടകരെയും, വിദ്യാര്‍ത്ഥികളെയും രക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. രക്ഷപ്പെടുത്തല്‍ സാധ്യമാക്കാന്‍ ഇറാനുമായി ഇന്ത്യ സംസാരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം രണ്ട് രക്ഷാദൗത്യങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് രണ്ടും ചൈനയില്‍ നിന്നായിരുന്നു. ഇവിടെ കുടുങ്ങിയ 767 പൗരന്‍മാരെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. ക്വാറന്റൈന്‍ ചെയ്ത ഇവരുടെ പരിശോധനാ ഫലങ്ങള്‍ ഇതുവരെ നെഗറ്റീവായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
തെഹ്‌റാനിലും, ക്വോമിലുമാണ് ഇന്ത്യന്‍ തീര്‍ത്ഥാടകരും, വിദ്യാര്‍ത്ഥികളും കുടുങ്ങിയിരിക്കുന്നത്. ഇറാനുമായി സംസാരിച്ച് ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ക്വോം പ്രവിശ്യയിലാണ് കൊറോണ വൈറസ് ശക്തമായി ആഞ്ഞടിച്ചിരിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട കേസുകള്‍ അഫ്ഗാനിസ്ഥാന്‍, കാനഡ, ലെബണന്‍, പാകിസ്ഥാന്‍, കുവൈത്ത്, ബഹ്‌റിന്‍, ഇറാഖ്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറാനിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊറോണവൈറസ് ബാധിച്ചവരുടെ പട്ടികയിലുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസ് മേധാവി പിര്‍ഹൊസെയിന്‍ കോലിവന്ദാണ് ഒടുവിലാണ് രോഗം പിടിപെട്ട പ്രമുഖന്‍. 290 അംഗ പാര്‍ലമെന്റിലെ 23 അംഗങ്ങളും വൈറസിന് പോസിറ്റീവായി.