ന്യൂഡല്‍ഹി: ചെനാബ് നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികള്‍ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ ഇന്ത്യ ക്ഷണിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉന്നതതല ഉഭയകക്ഷി ചര്‍ച്ചകളില്‍ ചെനാബിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ പാകിസ്ഥാന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യ വാദങ്ഹള്‍ തള്ളിക്കളഞ്ഞു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയതിനു ശേഷം നടന്ന ചര്‍ച്ചയിലായിരുന്നു ഇത്. പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് സൂചന നല്‍കിയെന്നും പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലാഹോറില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ചെനാബിലെത്തി പദ്ധതി സന്ദര്‍ശിക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചെന്ന് പാക് ജലവിഭവ സെക്രട്ടറി ഷമൈല്‍ അഹമ്മദ് ഖവാജ അറിയിച്ചു. ഇന്‍ഡസ് ജല ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ വിദഗ്ധര്‍ സ്ഥലം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വാദങ്ങള്‍ ഇന്ത്യ പരിഗണിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പാകിസ്ഥാന്‍.
പാകല്‍ ദള്‍ റിസര്‍വോയറിന്റെ ഉയരം അഞ്ച് മീറ്ററാക്കണം, കല്‍നായി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തില്‍ സ്പില്‍വേകള്‍ സംബന്ധിച്ച് പാക് സൗകര്യങ്ങള്‍ പരിഗണിക്കണം തുടങ്ങിയവയാണ് പാകിസ്ഥാന്റെ ആവശ്യങ്ങള്‍.
1960ലാണ് ഇന്ത്യയും പാകിസ്ഥാനും ഇന്‍ഡസ് ജല കരാര്‍ ഒപ്പുവച്ചത്. വര്‍ഷത്തില്‍ രണ്ട് തവണ ഇരുരാജ്യങ്ങളിലെയും അധികാരികള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സാങ്കേതിക കാര്യങ്ങള്‍ വിലയിരുത്തണമെന്ന് ധാരണയുണ്ട്.
നദികളുടെ ഉപയോഗം സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയിലെത്താന്‍ ഉണ്ടാക്കിയിട്ടുള്ളതാണ് ഇന്‍ഡസ് ജലകരാര്‍.