ലണ്ടന്‍: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ രംഗത്ത്. ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ വിഡ്ഢികളല്ലെന്നും ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് കളിക്കാര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാസര്‍ ഹുസൈന്റെ പ്രതികരണം.
ബയോ ബബ്ളും കടന്ന് കോവിഡ് ടീം ക്യാമ്പുകളിലേക്ക് എത്തിയപ്പോഴാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ ഇന്ത്യയിലെ അവസ്ഥ കണ്ട് ഇത്രയും ദിവസം ടൂര്‍ണമെന്റ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ തോന്നിയെന്നും ആഴ്ച്ചകള്‍ക്ക് മുമ്പേ ഐപിഎല്‍ മാറ്റിവെയ്ക്കേണ്ടതായിരുന്നെന്നും നാസര്‍ ഹുസൈന്‍ പ്രതികരിച്ചു.
ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത് തന്നെയാണ് ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ തെറ്റ്. ആറു മാസം മുമ്പ് യു.എ.ഇയില്‍ അവര്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അത് വളരെ മികച്ച രീതിയില്‍ നടന്നു. അവിടെ കോവിഡ് കേസുകള്‍ കുറവായിരുന്നു. ബബ്ളില്‍ വിട്ടുവീഴ്ച്ചയും ഉണ്ടായില്ല. അവിടെത്തന്നെ ഈ സീസണും അവര്‍ക്ക് കളിക്കാമായിരുന്നു.’ നാസര്‍ ഹുസൈന്‍ പറയുന്നു.
ഐപിഎല്ലില്‍ നാല് കളിക്കാര്‍ക്കും രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഉള്‍പ്പെടെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള എട്ടു ടീമില്‍ നാലിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐപിഎല്‍ നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.