ഇന്ത്യ- അയർലന്‍ഡ് മൂന്നാം ട്വന്റി 20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ മഴ കൊണ്ടുപോയി. ഡബ്ലിനിലെ മൂന്നാം ടി20 മഴ കാരണം ഉപേക്ഷിച്ചു. നേരത്തെ ആദ്യ രണ്ട് ട്വന്റി 20കളും ടീം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യന്‍ സമയം 7.30നാണ് മൂന്നാം ട്വന്റി 20 ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടോസ് പോലും ഇടാന്‍ അനുവദിക്കാതെ മത്സര സമയത്തിന് മുമ്പ് തന്നെ ഡബ്ലിനില്‍ മഴ ശക്തമായി പെയ്യുകയായിരുന്നു. ഇന്ത്യ- അയർലന്‍ഡ് മൂന്നാം ടി20 ഉപേക്ഷിച്ചതോടെ ഏഷ്യാ കപ്പിന് മുമ്പുള്ള ടീം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു.

ആദ്യ രണ്ട് ടി20കളിലും തോറ്റ അയര്‍ലന്‍ഡ് ഒരു മത്സരമെങ്കിലും ജയിച്ച് മാനം കാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആ മോഹങ്ങളും മഴ കവർന്നു. ആദ്യ ട്വന്റി 20 മഴനിയമം പ്രകാരം 2 റണ്‍സിനും രണ്ടാമത്തേത് 33 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി.

അയർലന്‍ഡിന് എതിരായ മൂന്നാം ട്വന്റി 20 ഉപേക്ഷിച്ചത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് കനത്ത തിരിച്ചടിയായി. ഏഷ്യാ കപ്പിനുള്ള 17 അംഗ സ്ക്വാഡില്‍ പേരില്ലാത്തതിനാല്‍ അയർലന്‍ഡിനെതിരായ മൂന്നാം ടി20 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് മികവ് കാണിക്കാന്‍ സഞ്ജുവിനുള്ള അവസാന അവസരമായിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് മുമ്പ് സഞ്ജുവിന് ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി മത്സരമില്ല. റിസര്‍വ് താരമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ ഏഷ്യാ കപ്പില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ് എന്നതാണ് കാരണം. ഇന്ന് മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുത്തെടുക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ലോകകപ്പ് ടീമിലെങ്കിലും സഞ്ജുവിന് പ്രതീക്ഷ വെക്കാമായിരുന്നു.

Top