ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ സംഘടനകളുടെ പേരിലും ഇന്ത്യ എന്ന പേര് ചേര്‍ക്കുന്നത് ഇന്ത്യവിരുദ്ധത വ്യക്തമാക്കുന്നതിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെന്ന് പേരു ചേര്‍ത്താല്‍ ജനം അഴിമതി മറക്കില്ലെന്നും പുതിയ പേര് തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്ത് എന്താണ് വികസനം എന്നുള്ളത് വ്യക്തമാക്കുന്ന വര്‍ഷങ്ങളാണ് കടന്നു പോകുന്നത്. ഇതെല്ലാം ജനം പരിഗണിക്കുമെന്ന് മോദി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ട് വപ്രവര്‍ത്തിക്കണമെന്ന് മോദി യോഗത്തില്‍ ലോക്സഭ രാജ്യസഭ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ എത്തുകയും വിവരിക്കുകയും ചെയ്യണം. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം എത്താന്‍ ശ്രമിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.