വാഷിംഗ്ടണ്‍: സിക്കിം മേഖലയിലെ ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. മേഖലയില്‍ സമാധാനത്തിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
സിക്കിം മേഖലയിലെ ദോക്‌ലാം പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട്.
ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തേക്ക് ചൈനീസ് പട്ടാളക്കാര്‍ റോഡ് നിര്‍മിക്കുന്നതിനെ തടയാന്‍ ഭൂട്ടാനെ ഇന്ത്യന്‍ സൈന്യം സഹായിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം.
തര്‍ക്കപ്രദേശമായ ദോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്.
ദോക് ലാ എന്ന് ഇന്ത്യയും ദോക് ലാം എന്നു ഭൂട്ടാനും വിളിക്കുന്ന പ്രദേശം പൂര്‍ണമായും തങ്ങളുടെ ദോംങ് ലാങ് മേഖലയുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3,488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. ഇതില്‍ 220 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശവും സിക്കിമിലാണ്.