വാഷിങ്ടണ്‍: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ (സിപിഇസി പദ്ധതി)എതിര്‍ക്കുന്നതിന് പകരം, പദ്ധതിയുമായി സഹകരിച്ച് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് ഇന്ത്യയോട് പാകിസ്താന്‍.
പാക് ആസൂത്രണ വികസന വകുപ്പുമന്ത്രി അഹ്‌സാന്‍ ഇഖ്ബാലാണ് പദ്ധതിയുമായി സഹകരിക്കാന്‍ ഇന്ത്യയെ ക്ഷണിച്ചത്.
സിപിഇസി പദ്ധതിയുമായി ഇന്ത്യ സഹകരിക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള റോഡ് ഗതാഗതം കൂടുതല്‍ മികച്ചതാകുമെന്നും ഇതിലൂടെ ഇന്ത്യ-ചൈന വ്യാപാരബന്ധം വളരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രാദേശികമായ സഹകരണം വളര്‍ത്തുന്ന കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി പശ്ചിമ ചൈനയിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം ചൈനീസ് സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പദ്ധതിയുമായി സഹകരിക്കുന്ന പക്ഷം ചൈനയുടെ ഏതു ഭാഗവുമായും വ്യാപരാബന്ധം സ്ഥാപിക്കുക വളരെ എളുപ്പമാകും. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി അവരെയും പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്നും ഇഖ്ബാല്‍ വ്യക്തമാക്കി.
പാകിസ്താനെ ചൈനയ്ക്ക് പണയം വയ്ക്കുന്നുവെന്ന പേരില്‍ രാജ്യത്തില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പുയരുന്ന പദ്ധതിയാണ് സിപിഇസി.