ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കി. പകല്‍സമയം സംസ്ഥാനത്തെ ഇരുപത്തിരണ്ട് ജില്ലകളിലും കര്‍ഫ്യു പിന്‍വലിച്ചു.
ആകെയുള്ള 105 പൊലീസ് സ്റ്റേഷന്‍ പരിധിയിലും പകല്‍ പുറത്തിറങ്ങുന്നതിന് ജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എന്നാല്‍, മൊബൈല്‍ ഫോണ്‍ നിയന്ത്രണം തുടരും. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കുന്ന കാര്യത്തിലും തല്‍ക്കാലം തീരുമാനമായിട്ടില്ല. രാത്രി കാലങ്ങളിലും നിയന്ത്രണം തുടരുന്നതാണ്.
അതേസമയം കശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 1ന് വാദം കേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 5നാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ജമ്മു-കശ്മീരിന്റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നും കശ്മീരിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്നും വ്യക്തമാക്കിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
1954ലാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്ത് വെച്ചത്.