ലണ്ടന്‍: ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യക്ക് 168 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 161 റണ്‍സിന് പുറത്തായി.
അഞ്ചുവിക്കറ്റ് വീഴ്ത്തി 28 റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞുടച്ചത്. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
39 റണ്‍സെടുത്ത ജോസ് ബട്ളറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. 42 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 12-ാം ഓവറിന്റെ അവസാന പന്തില്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ കുക്കാണ് ആദ്യം മടങ്ങിയത്.
തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ജെന്നിങ്‌സിനെ ബുംമ്രയും പന്തിന്റെ കൈകളിലെത്തിച്ചു. ജെന്നിങ്‌സ് 32 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 20 റണ്‍സുമെടുത്തു.
സ്‌കോര്‍ 75ല്‍ എത്തിയപ്പോള്‍ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഒലീ പോപ്പും മടങ്ങി. 22 പന്തില്‍ ഒരു ബൗണ്ടറി സഹിതം 10 റണ്‍സെടുത്ത പോപ്പിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് കൂടി ചേര്‍ത്തതിനു പിന്നാലെ ക്യാപ്റ്റന്‍ ജോ റൂട്ടും പുറത്തായി. 22 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 16 റണ്‍സെടുത്ത റൂട്ടിനെ ഹാര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചു.
അഞ്ചാം വിക്കറ്റില്‍ സ്റ്റോക്‌സ്‌ബെയര്‍സ്റ്റോ സഖ്യം 22 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്റ്റോക്‌സിനെ മടക്കി മുഹമ്മദ് ഷാമി ബ്രേക്ക്ത്രൂ സമ്മാനിച്ചു. 13 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 10 റണ്‍സെടുത്ത സ്റ്റോക്‌സിനെ ഷാമിയുടെ പന്തില്‍ രാഹുല്‍ പിടികൂടി. പിന്നീട് ഇംഗ്ലണ്ടിന്റെ കൂട്ട തകര്‍ച്ചയായിരുന്നു.
20 റണ്‍സിന്റെ ഇടവേളയില്‍ അവര്‍ക്ക് നഷ്ടമായത് അഞ്ചു വിക്കറ്റ്. സ്റ്റോക്‌സിനു പിന്നാലെ രണ്ടു റണ്‍സിന്റെ ഇടവേളയില്‍ ബെയര്‍സ്റ്റോമും പുറത്തായി. 41 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ പാണ്ഡ്യയുടെ പന്തില്‍ പിടികൂടിയത് രാഹുല്‍തന്നെ.
പിന്നാലെ ക്രിസ് വോക്‌സ് (അഞ്ചു പന്തില്‍ രണ്ടു ബൗണ്ടറി സഹിതം എട്ട്), ആദില്‍ റഷീദ് (അഞ്ച് പന്തില്‍ അഞ്ച്), ബ്രോഡ് (0) എന്നിവരെയും പാണ്ഡ്യ പുറത്താക്കി.
അവസാന വിക്കറ്റില്‍ ആന്‍ഡേഴ്‌സനുമായി ചേര്‍ന്ന് ജോസ് ബട്ലറാണ് ഇംഗ്ലണ്ട് സ്‌കോര്‍ 150 കടത്തിയത്. 32 പന്തുകള്‍ മാത്രം നേരിട്ട ബട്‌ലര്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 39 റണ്‍സെടുത്ത് പത്താമനായി പുറത്തായി.
അതേസമയം, അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും അജിങ്ക്യ രഹാനയുടെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 329 റണ്‍സ് നേടിയത്.
ആറു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, ആറു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് 329ന് പുറത്തായത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍, സ്റ്റുവാര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.