കാലാവസ്ഥ ദുരന്തങ്ങളില്‍ ഇന്ത്യയുടെ നഷ്ടം 79.5 ബില്യണ്‍ ഡോളറെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ ഇന്ത്യയ്ക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ലോക സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന മുന്നറിയിപ്പ്‌.

‘സാമ്പത്തിക നഷ്ടം, പട്ടിണി, ദുരന്തങ്ങള്‍ 1998-2017’ എന്നാണ് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. കാലാവസ്ഥാ ദുരന്തങ്ങളില്‍ 1998 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ സാമ്പത്തിക നഷ്ടം 151 ശതമാനം വര്‍ദ്ധിച്ചു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2.908 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഈ കാലഘട്ടത്തില്‍ ലോക രാജ്യങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം. 98ന് മുന്‍പുള്ള രണ്ട് ദശാബ്ദക്കാലത്തിനേക്കാള്‍ ഇരട്ടിയാണ് ഈ നഷ്ടം.

ലോകരാജ്യങ്ങളുടെ ആകെ സാമ്പത്തിക നഷ്ടത്തിന്റെ 77 ശതമാനമാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്നത്. 1978-97 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാമ്പത്തിക നഷ്ടം 895 ബില്യണ്‍ ഡോളറായിരുന്നു.

അമേരിക്കയാണ് കാലാവസ്ഥാ ദുരന്തങ്ങളില്‍ ഏറ്റവുമധികം നഷ്ടം അനുഭവിച്ചിരിക്കുന്ന രാജ്യം. 944.9 ബില്യണ്‍ ഡോളര്‍. തൊട്ടു പുറകില്‍ ചൈന (492.2 ബില്യണ്‍ ഡോളര്‍). ജപ്പാന്‍ (379.3), ഇന്ത്യ (79.5 ബില്യണ്‍), പ്യുര്‍ട്ടോ റിക്കോ(71.7) എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങള്‍.

കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവ ബാധിച്ച മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടായ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഫ്രാന്‍സ്(48.3), ജര്‍മ്മനി (57.9), ഇറ്റലി (56.6), തായ്‌ലന്റ് (52.4), മെക്‌സിക്കോ (46.5) എന്നിവയാണവ.

2017 വരെയുള്ള കാലഘട്ടത്തില്‍ ആകെയുണ്ടായ ദുരന്തങ്ങളില്‍ 91 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായവയാണ്.

വെള്ളപ്പൊക്കം (43.4 ശതമാനം), കൊടുങ്കാറ്റ് (28.2 ശതമാനം) എന്നിയാണ് സ്വാഭാവികമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍. 1.3 മില്യണ്‍ ആളുകള്‍ക്ക് വിവിധ പ്രകൃതി ദുരന്തങ്ങളില്‍ ഇക്കാലത്ത് ജീവന്‍ നഷ്ടമായി. 4.4 ബില്യണ്‍ ആളുകള്‍ക്ക് പരിക്കേറ്റു. പലര്‍ക്കും വീട് നഷ്ടപ്പെട്ടു.

563 ഭൂകമ്പങ്ങള്‍ (സുനാമിയുമായി ബന്ധപ്പെട്ടവയടക്കം) മൂലമാണ് 56 ശതമാനം പേരും മരിച്ചത്. 747,234 ആളുകള്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. ഒക്ടോബര്‍ 13ന് ദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സഭ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.

Top