ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

സ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ മായങ്ക് അഗർവാൾ (0), ശുഭ്മൻ ഗിൽ (45) എന്നിവർക്കൊപ്പം ചേതേശ്വർ പൂജാരയും (17) പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ്.ഓസ്ട്രേലിയയെ 195 റൺസിനു പുറത്താക്കി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിവസം തന്നെ അഗർവാളിനെ നഷ്ടമായി. 6 പന്തുകൾ മാത്രം നേരിട്ട താരത്തെ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി.

ശൂന്യമായ സ്കോർബോർഡിലേക്ക് ആദ്യ റൺ എത്തിയത് നാലാം ഓവറിലാണ്. കമ്മിൻസിനെതിരെ ഒരു ബൗണ്ടറിയടിച്ച് അരങ്ങേറ്റ ഇന്നിംഗ്സ് ആരംഭിച്ച ഗിൽ പൂജാരയ്ക്കൊപ്പം ചേർന്ന് ആദ്യ ദിനത്തിൽ ഇന്ത്യയെ 35 റൺസിലെത്തിച്ചു. ഇടക്ക് ജീവൻ ലഭിച്ച ഗിൽ മികച്ച സ്ട്രോക്ക്‌പ്ലേ ആണ് കെട്ടഴിച്ചത്. എങ്കിലും ചില അലസ ഷോട്ടുകൾ ഇന്നിംഗ്സിലുടനീളം ഗിൽ കളിച്ചു. രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ അത് താരത്തിനു തിരിച്ചടിയാവുകയും ചെയ്തു. അർധസെഞ്ചുറിക്ക് 5 റൺസ് അകലെ ഗിലിനെ കമ്മിൻസ് വീഴ്ത്തി. വിക്കറ്റിനു പിന്നിൽ ടിം പെയ്‌ൻ ഗിലിനെ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ പൂജാരയുമൊത്ത് 65 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് യുവതാരം മടങ്ങിയത്.

Top