ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-ട്വന്റിയിൽ ഇന്ത്യക്ക് 17 റൺസിന്റെ തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 216 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ അവസാനിച്ചു. മൂന്നാം മത്സരം തോറ്റെങ്കിലും 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം വീഴ്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില് തന്നെ ഒരു റൺസുമായി റിഷഭ് പന്ത് പുറത്തായി. മൂന്നാം ഓവറിൽ കോഹ്ലിയും നിരാശപ്പെടുത്തി 11 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. പവർ പ്ലേ തീരും മുമ്പ് തന്നെ നായകൻ രോഹിത്തും (11) തിരികെ നടന്നു. അവിടെ നിന്ന് ക്രീസിലെത്തിയ സൂര്യകുമാർ ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 49 പന്തിലാണ് സൂര്യകുമാർ യാദവ് സെഞ്ച്വറി തികച്ചത്. 12 ബൗണ്ടറികളും 5 സിക്‌സറുകളും സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് പിറന്നു.