ബ്രിസ്റ്റോള്‍: മിതാലി രാജിന്റെ ലോകറെക്കോര്‍ഡിനും ഓപ്പണര്‍ പൂനം റൗത്തിന്റെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല.
വനിതാ ലോകകപ്പ് സെമിപ്രതീക്ഷകള്ക്കു വലിയ തിരിച്ചടിയേല്പിച്ച്, ഓസ്ട്രേലിയ എട്ടുവിക്കറ്റിന് ഇന്ത്യയെ കീഴടക്കി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത് ഏഴുവിക്കറ്റിന് 226 റണ്‍സ്. 29 പന്തുകള്‍ ബാക്കിയിരിക്കെ, രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വനിതകള്‍ വിജയലക്ഷ്യം മറികടന്നു സെമിയിലെത്തി.
ക്യാപ്റ്റന്‍ മെഗ് ലാനിങ് (76 നോട്ടൗട്ട്), എല്ലിസി പെറി (60 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും ഒന്നാം വിക്കറ്റില്‍ ബെത്ത് മൂണിയും (45)
നിക്കോള്‍ ബോള്‍ട്ടനും (36) നല്കിയ മികച്ച അടിത്തറയുമാണ് ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്.
റണ്‍സ് നേടാന്‍ ശ്രമിച്ചു വിക്കറ്റുകള്‍ നഷ്ടമാക്കിയതാണ് ഇന്ത്യയെ ചെറിയ സ്കോറിലൊതുക്കിയത്. 136 പന്തില്‍ 106 റണ്‍സ് നേടിയ പൂനവും 114 പന്തില്‍ 69 റണ്‍സുമായി മിതാലിയും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 157 റണ്‍സ് കൂട്ടുകെട്ടാണു സൃഷ്ടിച്ചത്.