ഭോപ്പാല്‍: രാജ്യസ്‌നേഹം തുളുമ്പുന്ന പുതിയ പരിഷ്‌ക്കാരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഹാജര്‍ വിളിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ജയ്ഹിന്ദ് പറയണമെന്ന എന്ന പുതിയ പരിഷ്‌ക്കാരമാണ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇത്തരം നടപടിയിലൂടെ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു വന്നത്.
വിദ്യാര്‍ത്ഥികള്‍ സാധാരയായി ഹാജര്‍ വിളിക്കുമ്പോള്‍ പറയുന്ന എസ് സര്‍, എസ് മാം എന്ന രീതിയില്‍ മാറ്റം വരുത്തി ജയ്ഹിന്ദ് എന്ന് പറയിപ്പിക്കണം എന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2017 നവംബറില്‍ തന്നെ വിദ്യാഭ്യാസ മന്ത്രി ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത് ഇപ്പോഴാണ്. 1.22 ലക്ഷം വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നതെന്നും, പിന്നീട് സ്വകാര്യ സ്‌കൂളുകളിലേയ്ക്കും പദ്ധതി നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.