തിരിച്ചടിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തി ഇന്ത്യ; ആറ് ടി90 ഭീഷ്മ ടാങ്കുകളുമായി സൈന്യം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രശ്‌നങ്ങള്‍ കൈവിട്ടുപോയാല്‍ തിരിച്ചടിക്കാനുള്ള മുന്നൊരുക്കങ്ങളുമായി ഇന്ത്യ. ഗല്‍വാന്‍ താഴ്വരയുള്‍പ്പെടുന്ന മേഖലയില്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന കരുത്തുറ്റ ആറ് ടി90 ഭീഷ്മ ടാങ്കുകളാണ് ഇന്ത്യന്‍ സൈന്യം വിന്യസിച്ചത്.

ശത്രുവിന്റെ ടാങ്കുകളെ തകര്‍ക്കുന്ന മിസൈല്‍ സംവിധാനവും അതിര്‍ത്തിയില്‍ സജ്ജമാണ്. ശക്തിയില്‍ പ്രഹരിക്കാനും ആണവ, ജൈവ, രാസ ആക്രമണങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ് ഭീഷ്മ ടാങ്കുകള്‍.

ഗല്‍വാന്‍ നദിക്കരയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സായുധ സൈന്യത്തെ വിന്യസിക്കുകയും കൂടുതലായി ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്‌തെന്ന വിവരത്തെ തുടര്‍ന്നാണു ഇന്ത്യയുടെ പടയൊരുക്കം.

പരമ്പരാഗത യുദ്ധതന്ത്രത്തിലും സ്‌ഫോടനാത്മക ആയുധങ്ങള്‍ പ്രയോഗിക്കുന്നിടത്തും ഒരുപോലെ ഫലപ്രദമാണ് ഈ പോരാളി. 9എം119 റെഫ്‌ലക്‌സും (എടി11 സ്‌നൈപര്‍) ടാങ്ക്വേധ മിസൈല്‍ സംവിധാനവുമുള്ള ടി90യുടെ പ്രഹരപരിധി 100 മുതല്‍ 4000 മീറ്റര്‍ വരെയാണ്.

പരമാവധി ദൂരേക്കു 11.7 സെക്കന്‍ഡ് കൊണ്ട് എത്തിച്ചേര്‍ന്നു ശത്രുവിനെ തകര്‍ക്കും.എക്‌സ്‌പ്ലോസിവ് റിയാക്ടീവ് ആര്‍മര്‍ (ഇആര്‍എ) ഘടിപ്പിച്ച ടാങ്കുകളെ ലക്ഷ്യം വയ്ക്കുന്ന ഇവയ്ക്ക് 5 കിലോമീറ്റര്‍ പരിധിയില്‍ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളെയും തകര്‍ക്കാനാകും. 23.4 കിലോഗ്രാം ആണ് മിസൈലിന്റെ ഭാരം.

ഇന്‍ഫ്രാറെഡ് ജാമര്‍, ലേസര്‍ വാണിങ് സിസ്റ്റം, ഗ്രനേഡ് ഡിസ്ചാര്‍ജിങ് സിസ്റ്റം, കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണിത്. ടാങ്കിലെ ഡ്രൈവര്‍ക്കു ടിവിഎന്‍5 ഇന്‍ഫ്രാറെഡ് വഴി രാത്രിക്കാഴ്ചയും സാധ്യമാണ്.ഓട്ടമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റത്തെ (ഐഎഫ്‌സിഎസ്) മാനുവലായി കമാന്‍ഡര്‍ക്കു നിയന്ത്രിക്കാനുമാകും.

1600 ലീറ്ററാണ് ഇന്ധനശേഷി. രാജ്യത്തിന്റെ അതിര്‍ത്തിയെ സുരക്ഷിതമാക്കാനുള്ള സൈന്യത്തിന്റെ നീക്കങ്ങളുടെ ഭാഗമായി നിര്‍മിച്ചതാണു കരുത്തുറ്റ ടി90 ഭീഷ്മ ടാങ്കുകള്‍. 2022-2026 കാലയളവില്‍ 464 ടാങ്കുകളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുക. 13,488 കോടിയിലേറെ രൂപയാണു ചെലവ്. റഷ്യയില്‍നിന്ന് ലൈസന്‍സ് വാങ്ങാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി നേരത്തേ അനുമതി നല്‍കിയിരുന്നു.1992ല്‍ ആണ് ടി90 ടാങ്കുകള്‍ റഷ്യന്‍ സേനയുടെ ഭാഗമായത്.

2001 ഫെബ്രുവരിയില്‍ മുന്നൂറിലേറെ ടാങ്കുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം കരാറൊപ്പിട്ടു. 124 എണ്ണം റഷ്യയില്‍ നിര്‍മിച്ചു. ബാക്കി ഇന്ത്യയില്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു സൈന്യത്തിനു കൈമാറും. ആവടിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ (എച്ച്വിഎഫ്) ആണ് ബാക്കിയുള്ള ടി90 ‘ഭീഷ്മ’ ടാങ്കുകള്‍ നിര്‍മിക്കുന്നത്. 2004ല്‍ ആദ്യ സെറ്റ് ടാങ്കുകള്‍ റഷ്യ കൈമാറി. 2009ല്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ അനുവദിച്ചു.2020ഓടെ 1640 ടി90 ഭീഷ്മ ടാങ്കുകള്‍ സൈന്യത്തിനു ലഭ്യമാക്കാനാണു ലക്ഷ്യമെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. 2019ലെ കണക്കുപ്രകാരം സൈന്യത്തിന്റെ കൈവശം 1070 ടി90 ടാങ്കുകളും 124 അര്‍ജുന്‍, 2400 പഴയ ടി72 ടാങ്കുകളും ഉണ്ട്. ഇന്‍ഫന്‍ട്രി കോംപാറ്റ് വാഹനങ്ങളും 155 എംഎം ഹോവിറ്റ്‌സറുകളും കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചിട്ടുണ്ട്.

Top