ഇന്ത്യയുടെ മാറിയ മുഖം തുറന്നുകാട്ടി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. നരേന്ദ്രമോദിയുടെ കീഴിലുള്ള ഇന്ത്യ പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ മുന്‍കാലത്തേക്കാളും അധികം സൈന്യത്തെ ഉപയോഗിച്ചു നേരിടുന്നതായാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസിനുള്ള വാർഷിക ത്രെറ്റ് അസസ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഓഫിസ് ഓഫ് ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്റലിജന്‍സ് (ഒഡിഎന്‍ഐ) ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകാന്‍ സാധ്യത കുറവാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് അണുവായുധ രാജ്യങ്ങളും തമ്മിലുള്ള ആശങ്കകള്‍ കശ്മീരിലെ സംഘര്‍ഷങ്ങളിലൂടെയും ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലെ ഭീകരാക്രമണങ്ങളിലൂടെയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും 2019 ഓഗസ്റ്റില്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ, ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണര്‍മാരെ പിന്‍വലിച്ചിരുന്നു. നിലവില്‍ രണ്ടിടത്തും ഹൈക്കമ്മിഷണര്‍മാരില്ലാത്ത അവസ്ഥയാണുള്ളത്.
പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ കലാപരഹിത സാഹചര്യമാണ് ഇന്ത്യ എക്കാലത്തും ആഗ്രഹിക്കുന്നത്. അത്തരമൊരു സാഹചര്യമാണ് ഇസ്‌ലമാബാദ് സൃഷ്ടിക്കേണ്ടതെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആവശ്യത്തിനു നേരെ മുഖം തിരിച്ച് ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചു വരുന്നത്.
ഇതിനെതിരെ മുന്‍ യു.പി.എ സര്‍ക്കാറിനേക്കാള്‍ ശക്തമായാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്. രാഷ്ട്രീയപരമായി മോദി സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ പോലും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നുണ്ട്. മോദി ഭരണത്തിന്‍ കീഴിലാണ് ശക്തമായ തിരിച്ചടി പാക്കിസ്ഥാനും ഭീകര സംഘടനകള്‍ക്കും ലഭിച്ചിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേലും ഇറാനും തമ്മില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കലാപങ്ങളും ലിബിയയില്‍ വിദേശശക്തികള്‍ നടത്തുന്ന ഇടപെടലുകളും, ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സംഘര്‍ഷങ്ങളുമെല്ലാം യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സമാധാനം എന്ന പഴയ കാല നിലപാടില്‍ നിന്നും വ്യത്യസ്തമായി ആക്രമണമാണ് ഏറ്റവും വലിയ ‘പ്രതിരോധം’ എന്ന നിലയിലേക്കാണ് ഇന്ത്യ മാറിയിരിക്കുന്നതെന്നാണ് അമേരിക്കയും ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. മന്‍മോഹന്‍ സിംങ്ങില്‍ നിന്നും മോദിയിലേക്കുള്ള ദൂരമാണ് ഇവിടെയും കുടിയിരിക്കുന്നത്.