India miffed at US decision to sell F-16 fighter jets to Pakistan

ന്യൂഡല്‍ഹി: എട്ട് എഫ് 16 യുദ്ധവിമാനങ്ങള്‍ അമേരിക്ക പാക്കിസ്ഥാന് വില്‍ക്കുന്നു. ഒബാമ ഭരണകൂടം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 70 കോടി അമേരിക്കന്‍ ഡോളറിനാണ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത്. നീക്കത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു.

തീവ്രവാദം നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതെന്ന അമേരിക്കയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.

യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ചരിത്രം പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് യു.എസ് ഭരണകൂടത്തിന്റെ തീരുമാനം. വിമാനം പറത്താനുള്ള പരിശീലനം പാക് വ്യോമസേനാംഗങ്ങള്‍ക്ക് അമേരിക്ക നല്‍കും.

എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ് 16 യുദ്ധവിമാനങ്ങള്‍. ആക്രമണങ്ങള്‍ നടത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും ഇനി എഫ്16 വിമാനങ്ങള്‍ പാക്കിസ്ഥാന് ഉപയോഗിക്കാനാകും. ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്കും പാക്കിസ്ഥാന്‍ ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന ആശങ്കയുണ്ട്.

Top