സ്റ്റോക്‌ഹോം: സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. 2017ലെ കണക്കുകള്‍ പ്രകാരം സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.പി) ആണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 63.9 ബില്യന്‍ യു.എസ് ഡോളര്‍ (42,59,89,35,00,000.00 രൂപ) ആണ് 2017ല്‍ ഇന്ത്യ ചെലവഴിച്ചത്. 2016നെ താരതമ്യം ചെയ്യുമ്പോള്‍ 5.5 ശതമാനത്തിന്റെ വളര്‍ച്ചയാണിത്.
സൈനിക ചെലവില്‍ ചൈനയാണ് ഇന്ത്യക്ക് മുമ്പില്‍. 228 ബില്യന്‍ യു.എസ് ഡോളറാണ് 2017ല്‍ ചൈന ചെലവഴിച്ചത്. 2016നെ താരതമ്യം ചെയ്യുമ്പോള്‍ 5.6 ശതമാനം (12 ബില്യന്‍ യു.എസ് ഡോളര്‍) വര്‍ധനവാണിത്. സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമാണ് ചൈന.
അയല്‍ രാജ്യങ്ങളായ ഇന്ത്യക്കും ചൈനക്കും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് സൈനിക ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് എസ്.ഐ.പി.ആര്‍.പി അമെക്‌സ് പ്രൊഗ്രാം സീനിയര്‍ റിസര്‍ച്ചര്‍ സൈമണ്‍ വെസ്മാന്‍ ചൂണ്ടിക്കാട്ടുന്നു.
2016-17 കാലയളവില്‍ അമേരിക്ക 610 ബില്യന്‍ ഡോളറാണ് ചെലവഴിച്ചത്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത് (69.4 ബില്യന്‍ യു.എസ് ഡോളര്‍). എന്നാല്‍, റഷ്യയുടെ സൈനിക ചെലവ് 66.3 ബില്യന്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. 2016നെ അപേക്ഷിച്ച് 20 ശതമാനം കുറവാണിത്.